SEARCH


Cherukunnu Pazhangode Sree Koorankunnu Bhagavathy Kavu (ശ്രീ കൂരാങ്കുന്ന് ഭഗവതി ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


February 24-27, (Kumbam 12-15)
ചെറുകുന്ന് പഴങ്ങോട് ദേശത്ത് സ്ഥിതി ചെയ്യുന്ന ശ്രീ കൂരാങ്കുന്ന് ഭഗവതി ക്ഷേത്രം കോലത്തുനാടിൻ്റെ തനതായ സങ്കര സംസ്കാരത്തിൻ്റെ അതിസമ്പന്നമായ പാരമ്പര്യം വിളിച്ചോതുന്ന ആരാധനാലയമാണ്. ബ്രാഹ്മണ – ബ്രാഹ്മണേതര ആരാധനാ മാതൃകകളുടെ സങ്കലനം , ഹൈന്ദവ – മുസ്ലിം മത സൗഹാർദത്തിൻ്റെ പ്രതിഫലനം, ആര്യ-ദ്രാവിഡ സംസ്കാരങ്ങളുടെ ശേഷിപ്പുകൾ അങ്ങനെ ഒട്ടനവധി അർത്ഥതലങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് മാത്രമേ ഈ ക്ഷേത്രത്തിൻ്റെ ഐതിഹ്യ-ചരിത്രത്താളുകൾ മറിച്ചുനോക്കാന്‍ സാധിക്കൂ.
അകത്ത് ബ്രാഹ്മണ താന്ത്രിക വിധിപ്രകാരമുള്ള ആരാധനയും പുറത്ത് കളിയാട്ടവും നടക്കുന്ന അപൂർവം ക്ഷേത്രങ്ങളുടെ പട്ടികയിലാണ് ഈ ക്ഷേത്രത്തിൻ്റെ സ്ഥാനം. ബ്രാഹ്മണ തന്ത്രിമാർ പൂജ നടത്തുന്ന ക്ഷേത്രത്തിൻ്റെ ഊരായ്മ അവകാശം ദേശത്തെ കിരണ്ടുങ്കര, താഴേത്തിടത്ത്‌ , തെക്കുമ്പാട്‌, കുന്നുമ്മല്‍ വീട്‌ എന്നീ നാലു മണിയാണി തറവാട്ടുകാർക്കാണ്. ആര്യർ നാട്ടിൽ നിന്നു മലക്കലമേറി കോലത്തുനാട്ടിലെത്തിയ ആര്യപൂങ്കന്നി ഭഗവതിയാണ് ഇവിടത്തെ പ്രധാനദേവത. ആര്യപൂങ്കന്നിയുടെ സ്ഥാനം കിഴക്കേക്കാവ് എന്നറിയപ്പെടുന്നു. ബ്രാഹ്മണ പൂജാവിധി പ്രകാരമാണ് കിഴക്കേക്കാവിലെ ആരാധന. കോലത്തു നാട്ടിൽ അപൂർവമായി കെട്ടിയാടിക്കുന്ന പഞ്ചുരുളിയമ്മ രൗദ്രഭാവത്തിൽ കുടികൊള്ളുന്ന സ്ഥാനം കൂടിയാണെന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. പഞ്ചുരുളിയമ്മയുടെ സ്ഥാനം വടക്കേക്കാവ് എന്നറിയപ്പെടുന്നു. ബ്രാഹ്മണേതര ആരാധനാ സമ്പ്രദായമാണ് വടക്കേക്കാവിൽ. പ്രധാന ദേവതമാരെക്കൂടാതെ വിഷ്ണു മൂർത്തി, പുതിയ ഭഗവതി, രക്തചാമുണ്ടി, തെക്കുമ്പാട് ചാമുണ്ടി, ബപ്പുരിയൻ, മാഞ്ഞാളി എന്നീ തെയ്യക്കോലങ്ങളും ഇവിടെ കെട്ടിയാടിക്കുന്നു.
പുരാവൃത്തം
* * * * * * * * *
ആരിയക്കര നറുംകയത്തിൽ വാഴും ആര്യപ്പട്ടരുടേയും ആര്യപ്പട്ടത്തിയുടേയും മകളായി ജനിച്ച ദേവകന്യാവാണ് ആര്യപ്പൂങ്കന്നി. മംഗല്യത്തിനു അണിയുവാൻ മുത്തു പോരാതെ വന്നപ്പോൾ സഹോദരന്മാരോടൊപ്പം മരക്കലത്തിൽ മുത്തു തേടി യാത്രയായി ആര്യപ്പൂങ്കന്നി. യാത്രയ്ക്കിടയിൽ കൊടുങ്കാറ്റിൽ പെട്ട് മരക്കലം തകർന്ന് ഏഴു ദിവസം കടലിലലഞ്ഞ് എട്ടാം ദിവസം കരയ്ക്കടുത്തു. എന്നാൽ തൻ്റെ സഹോദരന്മാരെ കണ്ടെത്താൻ സാധിക്കാതെ വന്നപ്പോൾ ആര്യപ്പൂങ്കന്നി കടൽക്കരയിലൂടെ അവരെയന്വേഷിച്ച് യാത്രയാവുന്നു. യാത്രയ്ക്കിടയിൽ കണ്ട മരക്കലത്തിൽ തന്നേയും കയറ്റാമോയെന്ന് ദേവി ചോദിക്കുന്നു. എന്നാൽ മുഹമ്മദീയനായ കപ്പിത്താൻ ബപ്പിരിയൻ ആര്യപ്പൂങ്കന്നിയെ കൂടെക്കൂട്ടാൻ സമ്മതിച്ചില്ല. ഗംഗയുപദേശമന്ത്രം ജപിച്ച് പൂങ്കന്നി ചൂരൽക്കോലുകൊണ്ട് വെള്ളത്തിലടിച്ചപ്പോൾ കടൽ ക്ഷോഭിച്ചത്രേ. പൂങ്കന്നിയുടെ ചൈതന്യം മനസ്സിലാക്കിയ ബപ്പിരിയൻ ഭഗവതിയെ വണങ്ങി മരക്കലത്തിലേക്കുള്ള വഴിയൊരുക്കി. തുടർന്ന് പൂങ്കന്നിയും ബപ്പിരിയനും സഹോദരന്മാരെ അന്വേഷിച്ച് യാത്ര തുടരുന്നു. വെൺമണലാറ്റിൻകരമേൽ സഹോദരന്മാരെ കണ്ടെത്തിയ പൂങ്കന്നി അവരെ അവിടെ കുടിയിരുത്തി വീണ്ടും മരക്കലമോടിച്ച് യാത്രയാവുന്നു. ഏഴിമലയിലാണ് ആ യാത്ര അവസാനിച്ചത് ശ്രീ ശങ്കരനാരായണനെ വണങ്ങിയ ദേവി കുന്നോത്തു വീട്ടിലെഴുന്നള്ളി ആതിഥ്യം സ്വീകരിച്ചു. രണ്ടാമതായി ദേവിയുടെ മരക്കലമടുത്തത് ചെറുകുന്ന് കാവിൽമുനമ്പ് കടവിനടുത്തുള്ള കൂരാങ്കുന്നിലാണ്. അങ്ങനെ കൂരാങ്കുന്നിൽ ആര്യപൂങ്കന്നിയമ്മയ്ക്ക് സ്ഥാനം ലഭിച്ചുകൊണ്ട് ഒരു ക്ഷേത്രമുയർന്നു. ഒരു ബ്രാഹ്മണൻ്റെ വെള്ളോലക്കുടയാധാരമായി ദേവി കൂരാങ്കുന്നിൽ നിന്നും മറ്റു ദേശങ്ങളിലേക്കും എഴുന്നള്ളിയെന്നാണ് പുരാവൃത്തം. ആര്യപൂങ്കന്നി ഭഗവതിയെ കെട്ടിയാടിക്കുന്നതോടൊപ്പം തന്നെ മുഹമ്മദീയനായ ബപ്പിരിയനേയും ക്ഷേത്രത്തിൽ കെട്ടിയാടിക്കുന്നു. കോലത്തുനാടിൻ്റെ പുരാവൃത്തങ്ങളിൽ രേഖപ്പെടുത്തിയ ഹൈന്ദവ-മുസ്ലിം മത സൗഹാർദ്ദത്തിൻ്റെ മകുടോദാഹരങ്ങളാണ് ആര്യപൂങ്കന്നി-ബപ്പിരിയൻ തെയ്യങ്ങൾ.
പഞ്ചുരുളിയേയും കൂരാങ്കുന്ന് ക്ഷേത്രത്തിൽ അതീവ പ്രാധാന്യത്തോടെ ആരാധിക്കപ്പെടുന്നു. സുംഭനിസുംഭന്മാരെ വധിക്കാൻ അവതരിച്ച അബിംകയെ സഹായിക്കാൻ സപ്തമാതൃക്കൾ അവതരിച്ചുണ്ടായി. മഹേശ്വരി, കൗമാരി, ബ്രാഹ്മണി, വൈഷ്ണവി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നിങ്ങനെയുള്ള സപ്തമാതൃക്കളിലെ പന്നിമുഖമുള്ള ദേവത വരാഹിദേവിയെയാണ് പഞ്ചുരുളി തെയ്യമായി കെട്ടിയാടിക്കുന്നത്. ആര്യേതിഹാസങ്ങളും ദ്രാവിഡമായ രീതികളും കെട്ടുപിണഞ്ഞു കിടക്കുന്നു പഞ്ചുരുളി സങ്കല്പത്തിൽ. തുളുനാട്ടീൽ നിന്നാണ് ദേവി മലയാള ദേശത്തേക്കെത്തുന്നത്. ഉഗ്രദേവതയായ മന്ത്രമൂർത്തിയായും പഞ്ചുരുളി ആരാധിക്കപ്പെടുന്നുണ്ട്. കോലത്തുനാട്ടിൽ പട്ടുവം വടക്കേക്കാവിലാണ് പഞ്ചുരുളിയുടെ ആരൂഢം. വടക്കേക്കാവിൽ നിന്നാണ് ദേവി കൂരാങ്കുന്നിലേക്ക് എത്തുന്നത്. ആരൂഢസ്ഥാനത്ത് സാത്വിക ഭാവത്തിലെഴുന്നള്ളുന്ന ദേവി കൂരാങ്കുന്ന് അതിരൗദ്രഭാവത്തിലാണ് കുടികൊള്ളുന്നത്. ആൽമരത്തില്‍ നിന്നിറങ്ങി തിരിച്ച് ആൽമരത്തില്‍ ആവാഹിക്കപ്പെടുന്നതായാണ് പഞ്ചുരുളിയുടെ സങ്കല്പം. കൂരാങ്കുന്നിലെ പഞ്ചുരുളിത്തെയ്യം കോലത്തുനാട്ടിലെ തെയ്യക്കാഴ്ചകളിൽ വിശേഷപ്പെട്ടതാണ്.
കോലത്തുനാടിൻ്റെ തനതായ സംസ്കാരം ആവാഹിച്ചുകൊണ്ട് ദേശവാസികൾക്ക് അനുഗ്രഹമേകിക്കൊണ്ട് കൂരാങ്കുന്ന് ഭഗവതിക്ഷേത്രം ചെറുകുന്നിൽ പഴങ്ങോടെന്ന ഗ്രാമാന്തരീക്ഷത്തിൽ നിലകൊള്ളുന്നു.
വിവരങ്ങൾക്ക് കടപ്പാട്: Preena Ramakrishnan





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848